2011, ഒക്‌ടോബർ 28, വെള്ളിയാഴ്‌ച

റോമിന്റെ വിജയം : ഖുറാന്‍ പ്രവചനം അക്ഷരം പ്രതി പുലര്‍ന്നു .........



അദ്ധ്യായം 30 (അല്‍ റൂം )
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍.
1- അലിഫ്-ലാം-മീം.
2- റോമക്കാര്‍ പരാജിതരായിരിക്കുന്നു.
3- അടുത്ത നാട്ടിലാണിതുണ്ടായത്. തങ്ങളുടെ പരാജയത്തിനുശേഷം അവര്‍ വിജയംവരിക്കും.
4- ഏതാനും കൊല്ലങ്ങള്‍ക്ക കമിതുണ്ടാകും. മുമ്പും പിമ്പും കാര്യങ്ങളുടെ നിയന്ത്രണം അല്ലാഹുവിന്റെ കരങ്ങളിലാണ്. അന്ന് സത്യവിശ്വാസികള്‍ സന്തോഷിക്കും.
5- അല്ലാഹുവിന്റെ സഹായത്താലാണിതുണ്ടാവുക. അവനിച്ഛിക്കുന്നവരെ അവന്‍ സഹായിക്കുന്നു. അവന്‍ പ്രതാപിയും പരമദയാലുവുമാണ്.
6- അല്ലാഹുവിന്റെ വാഗ്ദാനമാണിത്. അല്ലാഹു തന്റെ വാഗ്ദാനം ലംഘിക്കുകയില്ല. പക്ഷേ, മനുഷ്യരിലേറെ പേരും ഇതറിയുന്നില്ല.
****************************************
ഈ അധ്യായത്തിന്റെ ആദ്യത്തെ ആറു വാക്യങ്ങള്‍ ക്രിസ്ഥാബ്ധം 615 ല്‍ പരാജയപെട്ട റോമക്കാര്‍ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ വിജയം കൈവരിക്കുമെന്ന് പ്രവചിക്കുകയുണ്ടായി. ഖുറാന്‍ ഈ ഞെട്ടിപ്പിക്കുന്ന പ്രവചനം നടത്തുമ്പോള്‍ ഈ പ്രവാചനം യാഥാര്‍ത്ഥ്യം ആകാനുള്ള വിദൂര സാധ്യതകള്‍ പോലും ഉണ്ടായിരുന്നില്ല എന്നു മാത്രമല്ല അക്കാലത്തെ ഖുറാന്‍ വിമര്‍ശകരും പ്രവാചകന്റെ ശത്രുക്കളും അക്കാലത്ത് ഈ വാക്യം ഉയര്‍ത്തികാട്ടി മുസ്ലിംകളെ പരിഹസിക്കുകയും ചെയ്തിരുന്നുവെന്ന് ചരിത്രം. കാരണം റോമാക്കാരുടെ പരാജയം അത്ര ദയനീയവും അവരെ കീഴ്പെടുത്തിയ പേര്‍ഷ്യന്‍ സൈന്യം അക്കാലത്തെ അതിശക്തരും ആയിരുന്നു.

ഈ പ്രവചനത്തിനുശേഷവും എട്ട് വര്‍ഷത്തോളം അവര്‍ക്ക് വിജയം കൈവരുന്നതിന്റെ യാതൊരു സാധ്യതയും ആര്‍ക്കും ദൃശ്യമായിരുന്നില്ല. മറുവശത്താകട്ടെ റോമക്കാരുടെ പരാജയം ദിനേന അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. ക്രിസ്ത്വബ്ദം 619 ആയപ്പോള്‍ ഈജിപ്ത് മുഴുക്കെ പേര്‍ഷ്യയുടെ പിടിയിലായി. മജൂസി സൈന്യം ട്രിപ്പോളിക്കടുത്തെത്തി തങ്ങളുടെ കൊടിനാട്ടി. റോമാ സൈന്യത്തെ അവര്‍ ഏഷ്യാമൈനറില്‍നിന്ന് ബാസ്ഫോറസ് തീരത്തോളം തള്ളിയകറ്റി. ക്രിസ്ത്വബ്ദം 617-ല്‍ പേര്‍ഷ്യന്‍പട സാക്ഷാല്‍ കോണ്‍സ്റാന്റിനോപ്പിളിന് തൊട്ടടുത്ത ചല്‍ക്ക്ഡോണ്‍ (Chalcedon ഇന്നത്തെ ഖാദിക്കോയ്) പിടിച്ചടക്കി.

ഇംഗ്ളീഷ്, ചരിത്രകാരനായ ഗിബ്ബന്റെ അഭിപ്രായത്തില്‍*(1.Gibbon, Decline and fall of the Roman Empire, Vol. II. P. 788, Modern Library Newyork)* ഖുര്‍ആന്റെ ഈ പ്രവചനാനന്തരം ഏഴെട്ടുവര്‍ഷത്തോളം, റോമാസാമ്രാജ്യം ഇനി പേര്‍ഷ്യയെ ജയിക്കുമെന്ന് ആര്‍ക്കും സങ്കല്‍പിക്കാനാവാത്ത നിലയില്‍ തന്നെയായിരുന്നു സ്ഥിതിഗതികള്‍. വിജയിക്കുന്നതുപോയിട്ട് ആ സാമ്രാജ്യം തുടര്‍ന്ന് നിലനില്‍ക്കുമെന്നുപോലും അന്നാരും പ്രതീക്ഷിച്ചിരുന്നില്ല.

മക്കാ മുശ്രിക്കുകള്‍ ഇതേപ്പറ്റി ബഹളംവെച്ചുനടന്നു. അവര്‍ മുസ്ലിംകളെ നോക്കി പറഞ്ഞു: നോക്കൂ, അഗ്നിയാരാധകരായ പേര്‍ഷ്യക്കാര്‍ തുടര്‍ച്ചയായി വിജയിച്ചുകൊണ്ടിരിക്കുന്നു. വെളിപാടിലും ദൈവികദൌത്യത്തിലും വിശ്വസിക്കുന്ന ക്രിസ്ത്യാനികളാകട്ടെ തോറ്റമ്പിക്കൊണ്ടിരിക്കുകയാണ്. ഇതുപോലെ വിഗ്രഹാരാധകരായ ഞങ്ങള്‍ അറബികള്‍ നിങ്ങളെയും നിങ്ങളുടെ പുത്തന്‍ മതത്തെയും തുടച്ചുനീക്കും. ഈ പശ്ചാത്തലത്തിലാണ് പ്രകൃത സൂറ അവതരിച്ചതും അതില്‍ ഇപ്രകാരം പ്രവചിക്കപ്പെട്ടതും
ഉബയ്യുബ്നുഖലഫ് ഹദ്റത്ത് അബൂബക്കറുമായി വാതുവെച്ചു: `മൂന്നു വര്‍ഷത്തിനുള്ളില്‍ റോമക്കാര്‍ ജയിച്ചാല്‍ അബൂബക്കറിനു താന്‍ പത്തൊട്ടകം നല്‍കാം. അല്ലെങ്കില്‍ അദ്ദേഹം തനിക്ക് പത്തൊട്ടകം തരണം.` നബി(സ) ഈ പന്തയത്തെക്കുറിച്ചറിഞ്ഞപ്പോള്‍ പറഞ്ഞു: `ഫീ ബിള്ഇ സിനീന്‍` എന്നാണ് ഖുര്‍ആന്‍ പറഞ്ഞിട്ടുള്ളത്. പത്തില്‍ താഴെയുള്ള സംഖ്യകളെ പൊതുവില്‍ സൂചിപ്പിക്കാനാണല്ലോ അറബിഭാഷയില്‍ `ബിള്അ്` എന്ന വാക്ക് ഉപയോഗിക്കുന്നത്. അതുകൊണ്ട് പന്തയം പത്തുവര്‍ഷത്തിനുള്ളില്‍ എന്നാക്കി ഒട്ടകത്തിന്റെ എണ്ണം നൂറായി വര്‍ധിപ്പിച്ചുകൊള്ളുക.` ഇതനുസരിച്ച് ഹദ്റത്ത് അബൂബക്കര്‍ (റ) ഉബയ്യുമായി സംസാരിച്ച്, പന്തയം, പത്തുവര്‍ഷത്തിനുള്ളില്‍ ആരുടെ വാദമാണോ പിഴക്കുന്നത് അയാള്‍ മറുകക്ഷിക്ക് നൂറൊട്ടകം നല്‍കണം എന്നാക്കിമാറ്റി.

22-ല്‍ നബി(സ) മദീനയിലേക്ക് പലായനം ചെയ്തു. അവിടെ, സീസര്‍ ഹെര്‍ക്കുലീസ് നിശ്ശബ്ദം കോണ്‍സ്റാന്റിനോപ്പിള്‍ വിട്ട് കരിങ്കടല്‍ വഴി തറാപ്സോണിലേക്കുപോയി. അവിടെ പുഷ്ത്തുക്കളുടെ ഭാഗത്തുനിന്നദ്ദേഹം പേര്‍ഷ്യയെ അക്രമിക്കാന്‍ ഒരുക്കം ചെയ്തു. ഈ പ്രത്യാക്രമണത്തിന്റെ സജ്ജീകരണത്തിനുവേണ്ടി സീസര്‍ ക്രൈസ്തവസഭയോട് പണം ചോദിച്ചിരുന്നു. സഭയുടെ അത്യുന്നത പുരോഹിതനായ സര്‍ജിയസ്, ക്രിസ്തുമതത്തിന്റെ രക്ഷയ്ക്കുവേണ്ടി ചര്‍ച്ചുകള്‍ ശേഖരിച്ച വഴിപാടുകളും സംഭാവനകളും സീസര്‍ക്കു പലിശക്കു കടം കൊടുത്തു. ക്രിസ്ത്വബ്ദം 623-ല്‍ ഹെര്‍ക്കുലീസ് ആര്‍മീനിയായില്‍നിന്ന് തന്റെ പ്രത്യാക്രമണത്തിന് തുടക്കമിട്ടു. അടുത്തവര്‍ഷം (624) അദ്ദേഹം അസര്‍ബീജാനിലേക്ക് നുഴഞ്ഞുകയറുകയും സൌരാഷ്ട്രരുടെ ജന്മസ്ഥലമായ ഇര്‍മിയാ നശിപ്പിക്കുകയും ചെയ്തു.

അനന്തരം റോമാസൈന്യം പേര്‍ഷ്യന്‍ സൈന്യത്തിന് നിരന്തരം ആഘാതങ്ങളേല്‍പ്പിച്ചുകൊണ്ടിരുന്നു. ക്രിസ്ത്വബ്ദം 627-ല്‍ നീനവായില്‍ നടന്ന നിര്‍ണായകമായ യുദ്ധത്തോടെ പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ അടിത്തറയിളകി.

ഖുര്‍ആനികപ്രവചനം തികച്ചും സത്യമായിരുന്നുവെന്ന കാര്യത്തില്‍ ആര്‍ക്കും സംശയത്തിന്റെ കണികപോലും അവശേഷിച്ചില്ല. അറേബ്യയിലെ നിരവധി ബഹുദൈവവിശ്വാസികള്‍ അത് വിശ്വസിച്ചു. ഉബയ്യുബ്നു ഖലഫിന്റെ അനന്തരാവകാശികള്‍ പന്തയത്തില്‍ പരാജയം സമ്മതിച്ച്, വാഗ്ദത്തം ചെയ്യപ്പെട്ട ഒട്ടകങ്ങളെ അബൂബക്കറിനു കൊടുത്തു. അദ്ദേഹം അവയെ നബി(സ)യുടെ സന്നിധിയില്‍ കൊണ്ടുവന്നു. കാരണം, പന്തയത്തിലേര്‍പ്പെടുന്ന കാലത്ത് ശരീഅത്ത് ചൂതാട്ടം നിരോധിച്ചിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ നിരോധം വന്നുകഴിഞ്ഞിരിക്കുന്നു. അതിനാല്‍, യുദ്ധത്തിലേര്‍പ്പെട്ട ശത്രുക്കളുടെ പന്തയമുതല്‍ എന്ന നിലക്ക് എടുക്കുന്നതിന് അനുവാദം നല്‍കി. പക്ഷേ, അത് സ്വയം ഉപയോഗിക്കാതെ ദാനം ചെയ്യണമെന്നു നിര്‍ദേശിക്കുകയും ചെയ്തു.